നെഞ്ചിന്റെ ഒത്ത നടുക്ക് തുടങ്ങിയ വേദന ചുമലുകളിലേക്കും കൈകളിലേക്കും വ്യാപിക്കുകയും ശരീരം വിയര്‍ത്ത് തുടങ്ങുകയും ചെയ്തപ്പോളാണ് വൃദ്ധന് പിടഞ്ഞെഴുന്നേറ്റ് ലൈറ്റ് തെളിച്ച് സമീപത്തുകിടന്ന് ശാന്തമായുറങ്ങുന്ന ഭാര്യയെ നോക്കിയത്. പാവം ചുരുണ്ടുകിടന്നുറങ്ങുന്നു. കഫം കെട്ടിയ നെഞ്ച് കുറുകലോടെ ഉയര്‍ന്ന് താഴുന്നു. ശോഷിച്ച കഴുത്തില്‍ കിടക്കുന്ന നേര്‍ത്ത തിളക്കം കുറഞ്ഞ മാലയില്‍ 51 വര്‍ഷം മുന്‍പ് അയാള്‍ കോര്‍ത്ത താലി കിടക്കുന്നത് നിറഞ്ഞ കണ്ണുകളാല്‍ വൃദ്ധന് കണ്ടു.
വര്‍ദ്ധിച്ചുവരുന്ന നെഞ്ചിന്റെ വേദനയേക്കാള്‍ അയാള്‍ക്കസഹനീയമായത് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സന്താനഭാഗ്യം പോലും ലഭിക്കാതെ പോയ ഭാര്യ ഒറ്റക്കാവുമല്ലോ എന്ന ചിന്തയായിരുന്നു। വിവാഹത്തിനുശേഷം ഇന്നുവരെ ഒരു ദിവസം പോലും അവര്‍ പിരിഞ്ഞിരുന്നിട്ടില്ല. ഒരിക്കല്‍ പോലും പരിഭവിക്കയും പിണങ്ങിയിരിക്കയും ചെയ്തിട്ടില്ല. കുട്ടികളുണ്ടാവാതെ പോയതില്‍ പരസ്പരം പഴിചാരുകയും പരിതപിക്കുകയും ചെയ്തിട്ടില്ല. ഊണിലും ഉറക്കത്തിലും അവര്‍ ഒന്നായിരുന്നു.... ഒന്നിച്ചായിരുന്നു...
ഉണങ്ങിയ വാഴത്തടപോലെയുള്ള അവരുടെ കഴുത്തില്‍ അയാളുടെ കൈകള്‍ മുറുകിയപ്പോള്‍ വൃദ്ധകണ്ണുകള്‍ തുറിച്ചു. അയാളുടെ കണ്ണുനീര് വൃദ്ധയുടെ തുറിച്ച കണ്ണുകളില്‍ വീണൊഴുകി. അവരുടെ കണ്ണുനീരൊന്നായി ഒഴുകി. "കമലേ, മാപ്പ്, നിന്നെ തനിച്ചാക്കാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല. നീയും വേണം എന്റെ കൂടെ. നമുക്കു പോവാം. നിനക്ക് വേദനിക്കുന്നുണ്ടോ? നിനക്കെന്നോട്.... "
വാക്കുകള്‍ മുഴുവിപ്പിക്കാനാവാതെ വൃദ്ധയുടെ ചലനമറ്റ ശരീരത്തിലേക്ക് അയാള്‍ തകര്‍ന്നു വീണു.
-----------------------------------------------------------------
ഈ കഥ ‘പോങ്ങുമ്മൂടനിൽ’ ഇട്ടിരുന്നത് തന്നെയാണ്. എന്നാൽ ജീവിതത്തിലാദ്യമായി ബ്ലോഗിനുപുറത്ത് എന്റേതായ ഒരു സൃഷ്ടിയായി വന്നത് ഈ ‘പാതകമാണ്’. അതുകൊണ്ടുതന്നെ ‘ഹരികഥ’ എന്ന ഈ ബ്ലോഗിലെ ആദ്യകഥയും ഇതുതന്നെ ആവണമെന്ന് ഞാൻ ആഗ്രഹിച്ചു. :)
http://www.puzha.com/puzha/magazine/html/story1_nov21_08.html
Thursday, December 18, 2008
Subscribe to:
Posts (Atom)