Thursday, April 16, 2009

ഒരു ഭ്രാന്തൻ(ന്റെ) കഥ- ഉത്തരാധുനികം

ഗ്രാമം അവസാനിക്കുകയും നഗരം തുടങ്ങുകയും ചെയ്യുന്ന മുഷിഞ്ഞ് നരച്ച ഒരു പ്രദേശത്തായിരുന്നു കഥാകൃത്ത് വർഷങ്ങളായി താമസിച്ചിരുന്നത്. പഴക്കം ചെന്ന ഓറഞ്ച് കളറിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വഴിക്കാഴ്ചകൾ ലഭിക്കുന്ന ഇരുണ്ടിടുങ്ങിയ മുറിയായിരുന്നു കഥാകൃത്തിന്റേത്. മുറിയുടെ പകുതിയിലേറെ ഭാഗം പഴയപുസ്തകങ്ങളും മാസികകളും കുറേ ഡയറികളും ഒഴിഞ്ഞ മദ്യക്കുപ്പികളും സിഗരറ്റ് കൂടുകളും പത്രക്കെട്ടുകളും കയ്യേറിയിരിക്കുന്നു. ബാക്കിഭാഗം കഥാകൃത്തിന്റെ മെലിഞ്ഞ കട്ടിലും ഒരു കസേരയും എഴുത്തുമേശയും ഇടത്തരം വലിപ്പമുള്ള ഒരു മൺകലവും പഴയ ഒരു റേഡിയോവും.

ഒരു ചെറിയ ജാലകം മാത്രമേ മുറിക്കുണ്ടായിരുന്നുള്ളു. അതുവഴിയാണ് കഥാകൃത്തിന് ആവശ്യമായ വായുവും വെളിച്ചവും നരച്ച കാഴ്ചകളും അകത്തേയ്ക്ക് വരുന്നത്. ജാലകത്തിലൂടെ ലഭിക്കുന്ന ഋജുവായ കാഴ്ചകളിൽ നിന്നാണ് കഥാകൃത്ത് കഥാപാത്രങ്ങളെ നേടിയതും കഥകളുണ്ടാക്കിയതും. റൌക്കയിടാത്ത തള്ളയും ഭിക്ഷക്കാരനും വേശ്യയും തെരുവുനായയും പശുവും ആൽമരവും ലോട്ടറിക്കാരനും തെരുവുതെമ്മാടിയും ക്ഷയരോഗിയും വഴിപ്പിള്ളേരുമൊക്കെ കഥാപാത്രങ്ങളായതും ആ ജാലകക്കാഴ്ചയിലൂടെ തന്നെ. സുവ്യക്തമായ, ജീവിതം തൊട്ടെടുക്കാവുന്ന കഥകളായിരുന്നു കഥാകൃത്ത് എഴുതിയതത്രയും. അതുകൊണ്ടുതന്നെ ധാരാളം വായനക്കാരേയും അരാധകരെയും കഥാകൃത്ത് സ്വന്തമാക്കി.

എന്നാൽ ഇന്ന് കഥാകൃത്ത് നേരിടുന്ന ഭീഷണിയും വായനക്കാരിൽ നിന്ന് തന്നെ. അവർക്ക് കഥകൾ മടുത്തും കഥാകൃത്തിനെ മുഷിഞ്ഞും തുടങ്ങിയിരിക്കുന്നു. ഉത്തരാധുനികമാണ് അവർക്കാവശ്യമെത്രെ! ഉത്തരാധുനികം. വായനക്കാർ പറഞ്ഞു. കഥാകൃത്ത് കഥയെഴുതേണ്ടത് ഹൃദയം കൊണ്ടല്ല തലച്ചോറുകൊണ്ടാവണമെന്ന്. വായനാക്കാരുടെ ബുദ്ധി അസാമാന്യമാംവിധം വളർന്നെത്രെ. അവരുടെ ബുദ്ധിയെ പരീക്ഷിക്കുന്ന തരത്തിലാവണം കഥകൾ. പുതിയ കഥാകൃത്തുക്കൾ അങ്ങനെയാണെത്രെ.

പുതിയ കഥാകൃത്തുക്കൾ ! പുതിയ കഥാകഥന രീതികൾ !! ഉത്തരാധുനികം!!!

എഴുതണം. എഴുതിയില്ലെങ്കിൽ നിലനില്പില്ല.

പുതിയ കഥാകൃത്തുക്കളും വായനക്കാരും ഉത്തരാധുനികങ്ങളുമേന്തി അയാൾക്ക് ചുറ്റും അലറി നടന്നു. പഴയകഥാകൃത്ത് വിയർത്തു. ഉള്ളിലെ സമ്മർദ്ധം കീഴ്ശ്വാസമായി മുറിക്കുള്ളിലേയ്ക്ക് പടർന്നു. ദുർഗന്ധം മുറിയിൽ തളം കെട്ടി. അയാൾ ജാലകവാതിൽ അടച്ചു. കടുത്ത ഇരുട്ടിൽ ചീഞ്ഞ നാറ്റത്തിന് കൂട്ടായി അയാൾ ഒരു സിഗരറ്റ് കത്തിച്ച് പുകയൂതി. പുകയും നാറ്റവും ഇരുളും കൂടിക്കലർന്ന് മുറി നിറഞ്ഞു. അപ്പോൾ അയാളുടെ മനസ്സ് ശാന്തമായി. ഉത്തരാധുനികത്തിന്റെ വരവ് അയാൾ അറിഞ്ഞു. പഴകിയവന് അതിശയം തോന്നി. കാഴ്ചകൾ കൊട്ടിയടക്കപ്പെടുമ്പോൾ ,കീഴ്ശ്വാസം വിടുമ്പോൾ, പുകയും ദുർഗന്ധവും ഇരുട്ടിൽ ഇണചേർന്ന് തുടങ്ങുമ്പോൾ ഉത്തരാധുനികം ഉണരുമോ? എങ്കിൽ എത്രയെത്ര കീഴ്ശ്വാസങ്ങൾ വെറുതേ പാഴാക്കി. പുകയ്ക്കും ദുർഗന്ധത്തിനും ഇണചേരാൻ വേണ്ട ഇരുൾ നിഷേധിച്ചുകൊണ്ട് ജാലകം എപ്പോഴും എന്തിന് തുറന്നിട്ടു. അയാൾ സ്വയം പഴിച്ചുകൊണ്ടിരുന്നപ്പോൾ കീഴ്ശ്വാസമൊന്നുകൂടി അനുവാദമില്ലാതെ പുറത്ത് പോയി. മുറി കൂടുതൽ ചീഞ്ഞ് നാറി. മുറി കൂടുതൽ ഇരുൾ നിറഞ്ഞതായി. കൂടുതൽ ഇരുളിൽ കൂടുതൽ പുക കൂടുതൽ ദുർഗന്ധത്തോട് ഇണചേർന്ന് കിതച്ചു.

പുകയും ദുർഗന്ധവും ചേർന്ന് ഇരുളിൽ ഒരു കഥാപാത്രത്തിന് ജന്മം നൽകി. പുക അച്ഛനും ദുർഗന്ധം അമ്മയുമായ മുഴിഞ്ഞ് നാറിയ ഒരു കഥാപാത്രം.

പഴയ കഥാകൃത്ത് കഥാപാത്രത്തെ അടിമുടി വീക്ഷിച്ചു.

നാറുന്നവൻ. മെല്ലിച്ച് അഴുക്കുപുരണ്ട ശരീരം. കണ്ണുകളിൽ മഞ്ഞ നിറത്തിൽ പീള കെട്ടിയവൻ. പല്ലുകളിൽ കറപുരണ്ടവൻ. ചെളി അടിഞ്ഞുകൂടിയ കൈകാൽ നഖങ്ങൾ. അടിമുടി വൃത്തികെട്ടവൻ.

എന്റെ നായകൻ! ഉത്തരാധുനിക കഥയിലെ നായകൻ!!

കഥാകൃത്ത് പേനയും പേപ്പറുമെടുത്ത് തലക്കെട്ടായി ' കഥാപാത്രം, കഥാകൃത്ത്, വായനക്കാർ' എന്നെഴുതി. തുടർന്ന് 'നാട്ടുകാർ അയാളെ ഭ്രാന്തനെന്നും കഥാകൃത്ത് അയാളെ 'അയാൾ' എന്നും വിളിച്ച് പോന്നു' എന്ന് ഉത്തരാധുനിക കഥയുടെ തുടക്കമായി പഴയ കഥാകൃത്ത് എഴുതി.

അയാൾ കഥാപാത്രത്തോട് പറഞ്ഞു " നീയാണ് എന്റെ കഥാപാത്രം. പറയൂ നിന്റെ കഥ. ഞാനവ എഴുതാം. അത് വായിക്കാൻ എന്റെ വായനക്കാർ കാത്തിരിക്കുന്നു "

" ഹേ! സൃഷ്ടാവേ, എന്താണങ്ങ് ചോദിക്കുന്നത്? കഥാപാത്രം കഥാകൃത്തിനോട് കഥ പറയണമെന്നോ? അപ്പോൾ എന്താണ് താങ്കളുടെ ജോലി? വെറും കേട്ടെഴുത്തുകാരനോ താങ്കൾ? "

ഇത് പറഞ്ഞ് കഥാപാത്രം നിലത്തേക്ക് കാറി തുപ്പി. ചെമ്പിച്ച മീശയിൽ കട്ടപിടിച്ച കഫത്തിന്റെ അംശം തിളങ്ങി. അറപ്പോടു കൂടി കഥാകൃത്ത് പറഞ്ഞു.

" പ്രിയ പാത്രമേ, നീ എന്നെ കൈവെടിയരുത്. ഞാൻ തോറ്റ കഥാകൃത്താണ്. കഥ പറയാത്തെ എനിക്ക് ജീവിക്കാനാവില്ല. വായനക്കാരില്ലാതെ എനിക്ക് നിലനിൽ‌പ്പുമില്ല. നിന്റെ ഈ കഥയാണ് എന്റെ ജീവിതം നിർണ്ണയിക്കുക. പറയൂ... നിന്റെ കഥ പറഞ്ഞ് പറഞ്ഞ് എന്നെ നീ രക്ഷിക്കൂ‍. കഥാകൃത്തിനെ രക്ഷിക്കേണ്ടത് കഥാപാത്രങ്ങളുടെ ബാധ്യതയല്ലേ? അതല്ലേ നിങ്ങളുടെയും നിലനിൽ‌പ്പ് ? "

കഥാപാത്രം മൺകലത്തിൽ നിന്ന് ഒരിറുക്ക് വെള്ളം കുടിച്ചു. അപ്പോൾ കഫത്തിന്റെ അംശം അയാളുടെ മീശയിൽ നിന്ന് അപ്രത്യക്ഷമായത് കഥാകൃത്ത് ശ്രദ്ധിച്ചു.

കഥാപാത്രം പറഞ്ഞ് തുടങ്ങി.

" ഞാൻ നാട്ടുകാർക്ക് ഭ്രാന്തൻ. നിങ്ങൾക്ക് അയാൾ. എന്റെ ജനനം എവിടെയായിരുന്നുവെന്ന് എനിക്കറിയില്ല. അച്ഛൻ ആരെന്ന് അറിയില്ല. അമ്മയുടെ മുഖം ഓർമ്മയില്ല. എന്നാൽ കറുത്തുകരിവാളിച്ച എന്റെ അമ്മയുടെ മുലകൾ എന്റെ ഓർമ്മയിലുണ്ട്. ചെറുപ്പത്തിൽ എനിക്കാവശ്യം അമ്മയുടെ മുഖമായിരുന്നില്ല,മുലകളായിരുന്നു. എന്റെ കരച്ചിലിന്റെ ഏറിയ പങ്കും ആ മുലകൾക്ക് വേണ്ടിയായിരുന്നു. കറുത്ത് കരിവാളിച്ച ആ മുലകൾ എനിക്ക് സ്വാദേറിയ വെളുത്ത പാൽ തന്നിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മയുടെ മുല കുടിച്ചുകൊണ്ടിരിക്കുമ്പോൾ ആരുടെയോ പരുപരുത്ത മുഖം എന്റെ കവിളിൽ ഉരസിയത് ഞാനറിഞ്ഞു. ആരോ എന്റെ നിലനില്പിനെ കയ്യേറിയത് ഞാനറിഞ്ഞു. ആരായിരുന്നു അമ്മയുടെ മറുഭാഗം കുടിച്ചിരുന്നതെന്ന് ഇന്നും എനിക്കറിയില്ല. ഒരു പക്ഷേ അതായിരുന്നിരിക്കുമോ എന്റെ അച്ഛൻ? അങ്ങനെയെങ്കിൽ എനിക്കുമാത്രം അർഹതപ്പെട്ട ആ മുലകൾ അദ്ദേഹം എന്തിന് സ്വന്തമാക്കി?

നിലനില്പിനെ ചൊല്ലിയുള്ള ആ കരച്ചിൽ തുടങ്ങിയപ്പോൾ, ഞാനോർക്കുന്നു, അമ്മ എന്നെ അവരുടെ മാറിടത്തിൽ നിന്ന് തള്ളി എറിഞ്ഞത്. എനിക്കിന്നും ഓർമ്മയുണ്ട് എന്റെ കരച്ചിലിനേക്കാൾ ശബ്ദത്തിൽ അമ്മയുടെ ഞരക്കവും അയാളുടെ കിതപ്പും ഉയർന്നുകേട്ടത്. ഒരു പക്ഷേ ആ ഓർമ്മകളും വിലാപവുമായിരിക്കും എന്നെ ആദ്യമായി ഭ്രാന്തനാക്കിയത്. പിന്നെ എത്രകാലം ഞാൻ അമ്മയുടെ കൂടെ ഉണ്ടായിരുന്നുവെന്ന് എനിക്കറിയില്ല. കുറേ നാൾ കൂടി കണ്ടേക്കാം. പിന്നെ എപ്പോഴോ കാലുകൾക്ക് ശക്തി ഉണ്ടായപ്പോൾ ഞാൻ നടന്ന് തുടങ്ങിയിരിക്കാം. പിന്നെ അമ്മയെ വിട്ട് ഓടിയിട്ടുണ്ടാവാം. എങ്കിലും ഒന്നെനിക്കറിയാം. ഞാൻ നല്ലൊരു വീട് സ്വപ്നം കണ്ടിരുന്നു. സ്നേഹം നിറക്കുന്ന അമ്മയും വാത്സല്യം നൽകുന്ന ഒരച്ഛനും അടങ്ങുന്ന സ്വർഗ്ഗ തുല്യമായ ഒരു കുടുംബം ഞാൻ സ്വപ്നം കണ്ടിരുന്നു കഥാകാരാ..തെരുവുമക്കൾ ഒരു വീട് സ്വപ്നം കാണരുതെന്ന് ആരും എനിക്ക് പറഞ്ഞു തരാൻ ഇല്ലെന്നും കഥാകൃത്ത് ഓർക്കണം.

സ്വപ്നം കണ്ടുതന്നെ ഞാൻ വളർന്നു. സ്വപ്നം കണ്ടുകൊണ്ട് നടന്നു. നടന്ന് തളർന്നപ്പോൾ സ്വപ്നം കാണൽ മതിയാക്കി നിലനില്പിനായി എച്ചിൽക്കൂനകളിൽ പരതി. എച്ചിൽ തിന്ന് നിറഞ്ഞപ്പോൾ വീണ്ടും സ്വപ്നങ്ങൾ കണ്ട് നടന്നു. തളർന്നപ്പോൾ വഴിവക്കിൽ കിടന്നുറങ്ങി. മഴ കൊണ്ടു. വെയിലും മഞ്ഞും നിലാവും കൊണ്ടു. ഇടിമിന്നൽ എന്നെ പേടിപ്പിച്ചില്ല. മഴക്കാലം എന്റെ ശരീരത്തെ വൃത്തിയാക്കി. വേനൽക്കാലം ശരീരത്തിന് അഴുക്കും പൊടിയും നൽകി. എത്രകാലമായി ഞാനീ നടപ്പ് തുടങ്ങിയിട്ട്? എത്രകാലമായി ഞാൻ സ്വപ്നം കാണുന്നു.? എനിക്കറിയില്ല കഥാകാരാ...

എനിക്ക് ദു:ഖമുണ്ട്. എന്തിനായിരുന്നു കഥാകാരാ.. നിങ്ങളൊഴിച്ച് എല്ലാവരും എന്നെ ഭ്രാന്തനെന്ന് വിളിച്ചത്? എന്തിനായിരുന്നു തെരുവ് കുട്ടികൾ എന്റെ കാലിൽ പാട്ട കെട്ടി കല്ലെറിഞ്ഞ് എന്നെ ഓടിച്ചത്? ഓടുമ്പോൾ പാട്ട ശബ്ദം കേട്ട് അലറിക്കരഞ്ഞത് ഭ്രാന്തുകൊണ്ടായിരുന്നോ? ഭയപ്പെടുന്നതും കരയുന്നതുമൊക്കെ ഭ്രാന്തുകൊണ്ടാണോ കഥാകാരാ? പറയുമ്പോൾ എല്ലാം പറയണമല്ലോ. എന്നിലും ലൈംഗികാസക്തി ഉണർന്നിരുന്നു. പാത വക്കിൽ ഒട്ടിച്ചിരിക്കുന്ന സിനിമാ പോസ്റ്ററുകളിലെ മുഴുത്ത മുലയും കൊഴുത്ത തുടകളുമുള്ള നടിമാർ എന്നെ ഉത്തേജിപ്പിച്ചിരുന്നു. പരിസരം മറന്ന് ഞാൻ ആ പോസ്റ്ററുകൾക്ക് മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്തിരുന്നു. മറ്റുള്ളവർ കാണുന്നുവോ ഇല്ലയോ എന്ന് ഞാൻ നോക്കിയില്ല. ഒരു പക്ഷേ അതാവും എന്നെ അവർ ഭ്രാന്തനാക്കാൻ കാരണം അല്ലേ കഥാകാരാ? ഇന്ന് എന്റെ മനസ്സിൽ അമ്മയുടെ കറുത്ത് കരിവാളിച്ച മുലകളില്ല. തുടുത്ത് മുഴുത്ത വെൺ‌മുലകൾ മാത്രം. വഴിയരികിൽ ഒട്ടിച്ച അവ കാണുമ്പോൾ പഴയ ആ ഞരക്കവും കിതപ്പും എനിക്കോർമ്മ വരും. അറിയാതെ ഞാൻ സ്വയംഭോഗം ചെയ്ത് പോവും.

അതൊക്കെ പോട്ടെ കഥാകാരാ.. ഒരിക്കൽ ഒരു നിലാവുള്ള രാത്രി വിജനമായ പാതയിലൂടെ ഞാൻ കരഞ്ഞുകൊണ്ട് നടക്കുകയായിരുന്നു. എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. അപ്പോൾ എനിക്ക് അമ്മയെ ഓർമ്മ വന്നു. അമ്മയുടെ കറുത്ത് കരിവാളിച്ച മുലകൾ ഓർമ്മ വന്നു. സ്വപ്നത്തിലുള്ള സ്വർഗ്ഗതുല്യമായ വീട് എനിക്കോർമ്മ വന്നു. വിശപ്പ് കൂടിയപ്പോൾ, ദാഹം തളർത്തിയപ്പോൾ, എച്ചിൽ കൂനകൾ കാണാതെ വന്നപ്പോൾ ഞാൻ തിരികെ നടന്നു. അമ്മയുടെ കരിവാളിച്ച മുലകൾ തേടി. അപ്പോൾ എന്റെ മനസ്സിലെ സ്വപ്നം കെട്ടിരുന്നു. ഞാൻ ഒരു പാട് നടന്നു. നിലാവിന്റെ കുളിർ കടന്ന് സൂര്യന്റെ ചുട്ടുപൊള്ളിക്കുന്ന വെയിൽ കടന്ന് പാതവക്കിലെ കൊഴുത്ത മുഴുത്ത മുലകളെയും തുടകളെയും കാണാതെ ഞാൻ നടന്നു. അവസാനം ഞാനിവിടെയാണ് എത്തിയത്. കഥാകാരാ.. നിങ്ങളുടെ അടുത്ത്. നിങ്ങളെങ്കിലും എന്റെ അമ്മയുടെ കരുവാളിച്ച മുലകളുടെ അടുത്ത് എന്നെ എത്തിക്കുമോ? എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും നിങ്ങൾ എഴുതിക്കോളൂ... പക്ഷേ, എന്റെ അമ്മയുടെ മുലകൾ. അവ എനിക്ക് കാണിച്ച് തരണം. എനിക്ക് വല്ലാതെ വിശക്കുന്നു. "

കഥാകൃത്ത് ഉത്തരാധുനിക കഥ എഴുതിക്കൊണ്ടിരുന്ന പേപ്പർ കീറി ജാലകം തുറന്ന് പുറത്തേക്കെറിഞ്ഞു. ദുർഗന്ധവും പുകയും ഇരുളും ജാലകത്തിലൂടെ പുറത്തേക്കിറങ്ങി. കഥാപാത്രം നിസ്സഹായനായ കഥാകൃത്തിനെ നോക്കി. കഥാകൃത്ത് പറഞ്ഞു. " കഥാപാത്രമേ, നിന്നോടൊപ്പം ഞാനും പരാജയപ്പെട്ടിരിക്കുന്നു. നിന്റെ കഥ എഴുതാൻ എനിക്കാവില്ല. അതുകൊണ്ടുതന്നെ ഉത്തരാധുനികം എഴുതാനും എനിക്കാവില്ല. വായനക്കാർ നഷ്ടപ്പെട്ട കഥാകൃത്തുക്കൾ ശവത്തിന് തുല്യമാണ്. നീ കഥാകൃത്തിനേക്കാൾ വളർന്നവനാണ്. നിനക്ക് നഷ്ടപ്പെട്ട കരുവാളിച്ച മുലകൾ കണ്ടെത്തിതരാൻ ഏതെങ്കിലും ഉത്തരാധുനിക കഥാകൃത്തിനെ നീ കണ്ടെത്തൂ... നിനക്ക് നന്മ വരട്ടെ "

ഉത്തരാധുനിക കഥ കഥാകൃത്തിന്റെ സ്വപ്നമായി അവശേഷിച്ചു. കരിവാളിച്ച മുലകൾ കഥാപാത്രത്തിന്റെയും.