Thursday, December 18, 2008

പ്രണയപാതകം

നെഞ്ചിന്റെ ഒത്ത നടുക്ക് തുടങ്ങിയ വേദന ചുമലുകളിലേക്കും കൈകളിലേക്കും വ്യാപിക്കുകയും ശരീരം വിയര്‍ത്ത് തുടങ്ങുകയും ചെയ്തപ്പോളാണ് വൃദ്ധന്‍ പിടഞ്ഞെഴുന്നേറ്റ് ലൈറ്റ് തെളിച്ച് സമീപത്തുകിടന്ന് ശാന്തമായുറങ്ങുന്ന ഭാര്യയെ നോക്കിയത്. പാവം ചുരുണ്ടുകിടന്നുറങ്ങുന്നു. കഫം കെട്ടിയ നെഞ്ച് കുറുകലോടെ ഉയര്‍ന്ന് താഴുന്നു. ശോഷിച്ച കഴുത്തില്‍ കിടക്കുന്ന നേര്‍ത്ത തിളക്കം കുറഞ്ഞ മാലയില്‍ 51 വര്‍ഷം മുന്‍പ് അയാള്‍ കോര്‍ത്ത താലി കിടക്കുന്നത് നിറഞ്ഞ കണ്ണുകളാല്‍ വൃദ്ധന്‍ കണ്ടു.


വര്‍ദ്ധിച്ചുവരുന്ന നെഞ്ചിന്റെ വേദനയേക്കാള്‍ അയാള്‍ക്കസഹനീയമായത് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സന്താനഭാഗ്യം പോലും ലഭിക്കാതെ പോയ ഭാര്യ ഒറ്റക്കാവുമല്ലോ എന്ന ചിന്തയായിരുന്നു। വിവാഹത്തിനുശേഷം ഇന്നുവരെ ഒരു ദിവസം പോലും അവര്‍ പിരിഞ്ഞിരുന്നിട്ടില്ല. ഒരിക്കല്‍ പോലും പരിഭവിക്കയും പിണങ്ങിയിരിക്കയും ചെയ്തിട്ടില്ല. കുട്ടികളുണ്ടാവാതെ പോയതില്‍ പരസ്പരം പഴിചാരുകയും പരിതപിക്കുകയും ചെയ്തിട്ടില്ല. ഊണിലും ഉറക്കത്തിലും അവര്‍ ഒന്നായിരുന്നു.... ഒന്നിച്ചായിരുന്നു...


ഉണങ്ങിയ വാഴത്തടപോലെയുള്ള അവരുടെ കഴുത്തില്‍ അയാളുടെ കൈകള്‍ മുറുകിയപ്പോള്‍ വൃദ്ധകണ്ണുകള്‍ തുറിച്ചു. അയാളുടെ കണ്ണുനീര്‍ വൃദ്ധയുടെ തുറിച്ച കണ്ണുകളില്‍ വീണൊഴുകി. അവരുടെ കണ്ണുനീരൊന്നായി ഒഴുകി. "കമലേ, മാപ്പ്, നിന്നെ തനിച്ചാക്കാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല. നീയും വേണം എന്റെ കൂടെ. നമുക്കു പോവാം. നിനക്ക് വേദനിക്കുന്നുണ്ടോ? നിനക്കെന്നോട്.... "

വാക്കുകള്‍ മുഴുവിപ്പിക്കാനാവാതെ വൃദ്ധയുടെ ചലനമറ്റ ശരീരത്തിലേക്ക് അയാള്‍ തകര്‍ന്നു വീണു.


-----------------------------------------------------------------

ഈ കഥ ‘പോങ്ങുമ്മൂടനിൽ’ ഇട്ടിരുന്നത് തന്നെയാണ്. എന്നാൽ ജീവിതത്തിലാദ്യമായി ബ്ലോഗിനുപുറത്ത് എന്റേതായ ഒരു സൃഷ്ടിയായി വന്നത് ഈ ‘പാതകമാണ്’. അതുകൊണ്ടുതന്നെ ‘ഹരികഥ’ എന്ന ഈ ബ്ലോഗിലെ ആദ്യകഥയും ഇതുതന്നെ ആവണമെന്ന് ഞാൻ ആഗ്രഹിച്ചു. :)

http://www.puzha.com/puzha/magazine/html/story1_nov21_08.html

9 comments:

Pongummoodan said...

ഈ കഥ ‘പോങ്ങുമ്മൂടനിൽ’ ഇട്ടിരുന്നത് തന്നെയാണ്. എന്നാൽ ജീവിതത്തിലാദ്യമായി ബ്ലോഗിനുപുറത്ത് എന്റേതായ ഒരു സൃഷ്ടിയായി വന്നത് ഈ ‘പാതകമാണ്’. അതുകൊണ്ടുതന്നെ ‘ഹരികഥ’ എന്ന ഈ ബ്ലോഗിലെ ആദ്യകഥയും ഇതുതന്നെ ആവണമെന്ന് ഞാൻ ആഗ്രഹിച്ചു. :)

തോന്ന്യാസി said...

പോങ്ങേട്ടാ സമ്മതിച്ചു....സംഭവം സൂപ്പര്‍...

മുന്‍‌പൊരിക്കല്‍ കെ.എം റോയ്(ചീഫ് എഡിറ്റര്‍,മംഗളം)എഴുതിയ ഒരു കോളം വായിക്കുകയുണ്ടായി. നായകനും നായികയും ഇവര്‍ തന്നെ, സംഭവം നടക്കുന്നത് ബംഗാളില്‍,പിരിഞ്ഞ് ജീവിക്കാനാവില്ല എന്ന് തോന്നിയപ്പോ ഭര്‍ത്താവ് പറഞ്ഞു നമുക്ക് ആത്മഹത്യ ചെയ്യാമെന്ന്, ഭാര്യ സമ്മതിച്ചു; രണ്ടു പേരും ചേര്‍ന്ന് കെട്ടിപ്പിടിച്ച് ഗംഗയിലേയ്ക്ക് ചാടി.....പാവം ഭാര്യ ഒഴുക്കില്‍ പെട്ട് മരിച്ചു..ഭര്‍ത്താവ് ഇപ്പോഴും ഉണ്ടത്രെ......

എന്തായാലും ഇതൊന്നും വായിച്ച് മനസ്സ് വിഷമിക്കരുത്.......

ഞാന്‍ പറഞ്ഞൂന്നേള്ളൂ.........

തോന്ന്യാസി said...

പോങ്ങുമ്മൂടനിലെ പോസ്റ്റ് ഇങ്ങോട്ട് കൊണ്ടുവന്നാല്‍ അതിനിട്ട കമന്റും കൊണ്ടുവരുന്നതില്‍ എന്താണ് തെറ്റ്?

saju john said...
This comment has been removed by the author.
saju john said...

ഇമ്മാതിരി കതകളെങ്ങാനുജ്ജ് പൊയലൊയുക്കാതെ അണക്ക് വല്ല പെണ്‍ക്കുട്ട്യോളെ കല്‍ബിലൊയുച്ചൂടെന്റെ ചോങ്കാ....

Jayasree Lakshmy Kumar said...

രണ്ടു ദിവസം മുൻപാണെന്നു തോന്നുന്നു, വൃദ്ധരായ ഭാര്യാഭർത്താക്കന്മാർ ഒരു സാരിയുടെ രണ്ടറ്റത്തുമായി തൂങ്ങി മരിച്ച റിപ്പോർട്ട് വായിച്ചത്. ആ ഭാര്യ ഭാഗ്യം ചെയ്തവളാണ്. അവസാന ശ്വാസം സ്നേഹത്താൾ മുറുകുന്ന വിരൽതുമ്പുകളിലേക്കൊഴുക്കിയവൾ

കുഞ്ഞന്‍ said...

സ്നേഹമുള്ള ഭര്‍ത്താവ്, അയാളെ ഞാന്‍ ന്യായീകരിക്കുന്നു.

Anonymous said...

പ്രണയ പാതകം ..
നന്നായി...

കിഷോർ‍:Kishor said...

ഈ വൃദ്ധൻ ഒരു ക്രിമിനലാണ്.

ഇത് ഭാര്യ അറിഞ്ഞുകൊണ്ടുള്ള ആത്മഹത്യയല്ല. ഭാര്യയെ ഉറക്കത്തിൽ കൊന്നതല്ലേ?

ഒരു കൊലപാതകത്തിനും ന്യായീകരണമില്ല...